2011, ഓഗസ്റ്റ് 11, വ്യാഴാഴ്‌ച

പര്‍ദ്ദ

 പര്‍ദ്ദയില്‍    നിന്നെക്കാനാനെന്തു   ഭംഗി

ഏല്ലാവര്‍ക്കും   നന്നായി   ചേരുന്നു   പര്‍ദ്ദ

ആരുമത്    മാറ്റാതിരുന്നെങ്കില്‍

ആരുമത്   അഴിച്ചുവക്കാതിരുന്നെങ്കില്‍

ആ  വൈരൂപ്യം  കാണാനെനിക്കു  വയ്യ

നിന്‍റെ   സൗന്ദര്യം  മരിക്കുവോളം  നുകരട്ടെ

പര്‍ദ്ദയില്ലാത്ത   മുഖങ്ങള്‍  കണ്ടു  ഞാന്‍  മടുത്തു

ആരുമത്   അഴിച്ചുവക്കാതിരുന്നെങ്കില്‍

അഴിച്ചുവച്ചതെല്ലാം   പുഴുക്കള്‍ തിന്നു

പര്‍ദ്ദതീനി    പുഴുക്കളെത്രതരമെന്നോ

പുഴുക്കള്‍ക്കും   കാണുമായിരിക്കും  പര്‍ദ്ദ

പര്‍ദ്ദയിട്ട  പുഴുക്കളെയെനിക്കിഷ്ടമാണ്



 പര്‍ദ്ദകള്‍ക്കെത്ര   വര്‍ണ്ണമാണെന്നോ?

ചുവന്ന   പര്‍ദ്ദ  എത്ര  മനോഹരമായിരുന്നു

ഇഴയടുപ്പവും   കെട്ടുറപ്പുമുണ്ടായിരുന്നു

എന്നിട്ടുമത്   മാര്‍ട്ടിന്‍   തിന്നില്ലേ?

മാര്‍ട്ടിന്‍  നിന്‍റെ  പര്‍ദ്ദ  മാറാതിരിക്കട്ടെ

നിന്‍റെ  കരിന്തേള്  രൂപം  ആരും  കാണാതിരിക്കട്ടെ

പച്ച  പര്‍ദ്ദയുടെ  ധാര്‍ഷ്ട്യം   ഐസ്ക്രീം  തിന്നില്ലേ?

ഐസ്ക്രീമിനും   കാണുമായിരിക്കും  പര്‍ദ്ദ

മന്ത്രിയുടെ  സെക്കന്റ്  ജെനറേഷന്‍   പര്‍ദ്ദ  രാജാവ്  തിന്നു

രാജാവിനും  കാണുമായിരിക്കും   പര്‍ദ്ദ

രാജന്‍   തിന്ന  പര്‍ദ്ദയില്‍  പാമോയിലും  വീണില്ലേ?

പര്‍ദ്ദയുള്ളോളം   നിന്മുഖം  സുന്ദരം തന്നെ

ആരുമത്   മാറ്റാതിരിക്കട്ടെ




പുഴുക്കളെയെന്തിന്നു  ഭയപ്പെടുത്തേണം

പര്‍ദ്ദ   മാറ്റാന്‍   നിനക്ക്   കണ്ണാടിയുണ്ടല്ലോ

കണ്ണാടിക്കും  കാണുമായിരിക്കും  പര്‍ദ്ദ

പര്‍ദ്ദ  തിന്നാതിരിക്കാന്‍  പുഴുക്കളെ  നീയെത്രകൊന്നു

ആര്‍ക്കുണ്ട്  പര്‍ദ്ദയില്ലാത്ത  സൗന്ദര്യം

ഒരുപക്ഷെ   കണ്ണാടിക്കു  കാണുമായിരിക്കും




പര്‍ദ്ദക്ക്‌   മീതേ  പര്‍ദ്ദ  നിന്നെക്കാനാനെന്തു  ഭംഗി

ആരുമത്  മാറ്റാതിരിക്കട്ടെ

ആരും  ആരേയും   കാണാതിരിക്കട്ടെ

ദുഃഖം   കണ്ണാടിക്കു  മാത്രമാവട്ടെ




വെള്ള   പര്‍ദ്ദക്കെന്തു   മഹത്വമായിരുന്നു

എന്നിട്ടും  'അഭയ'മില്ലാത്ത  സ്വാശ്രയപ്പുഴു  തിന്നില്ലേ?

'കസ്തൂര്‍ബ'  കണ്ടു   ഭയന്ന  മുഖം -

പര്‍ദ്ദയിലെന്തു   ഭംഗിയാണെന്നോ?

സാമ്രാജ്യത്വ   പര്‍ദ്ദകള്‍  എത്ര  തരമെന്നോ?

ഹുസൈന്‍,  ഒസാമ,   അഫ്ഘാന്‍  പര്‍ദ്ദകള്‍

എല്ലാം   വിക്കി  പുഴുക്കള്‍  തിന്നു




പര്‍ദ്ദ   മാറ്റാനെന്തിത്ര   തിടുക്കം നിനക്കു

വിടരാത്ത  പനിനീര്‍  മൊട്ടല്ലേയിത്

വാടിക്കൊഴിഞ്ഞ    പൂക്കളോടെങ്കിലും ......

പുഴുക്കളെയെന്തിന്നു   ഭയപ്പെടുത്തേണം

പര്‍ദ്ദ  മാറ്റാന്‍   നിങ്ങള്‍ക്കു  കണ്ണാടിയുണ്ടല്ലോ

പര്‍ദ്ദയുള്ളോളം  നിന്മുഖം  സുന്ദരം  തന്നെ

ആരുമത്   മാറ്റാതിരിക്കട്ടെ





എങ്ങും   നിലവിളിയുടെ   മാറ്റൊലികള്‍ 

അജ്മല്‍,  നിനക്കെങ്കിലും  പര്‍ദ്ദ  മാറ്റാതിരിക്കാമായിരുന്നു

നീതിബോധത്തിന്‍റെ   പരമോന്നതിയില്‍

അധസ്ഥിതന്‍റെ  അഭിമാനപര്‍ദ്ദയില്‍  പുഴുക്കുത്തരിച്ചു

മനുഷ്യപുത്രന്‍റെ  പര്‍ദ്ദയിലും   ആറാം  തിരുമുറിവ്

ആര്‍ക്കുണ്ട്  പര്‍ദ്ദയില്ലാത്ത   സൗന്ദര്യം

ഒരുപക്ഷെ   പര്‍ദ്ദക്ക്‌   കാണുമായിരിക്കും

പര്‍ദ്ദയില്‍   നിന്നെക്കാണാനെന്തു    ഭംഗി

ആരുമത്  മാറ്റാതിരുന്നെങ്കില്‍

നീ  ഞാനെന്നോര്‍ക്കുക  നന്ന്

എന്‍റെ   പര്‍ദ്ദയെങ്കിലും   മാറാതിരിക്കട്ടെ ...................

2011, ജൂലൈ 23, ശനിയാഴ്‌ച

നരസ്വാര്‍ത്ഥം


പശിയാലലഞ്ഞീടും  നാളില്‍   പിതാവതാ -

പൈതങ്ങളാശിച്ച   പോലെയതീവിധം

പട്ടിണിക്കാശിനാല്‍ പൈക്കിടാവൊന്നിനെ 

 പാരാതെ   വാങ്ങിക്കൊടുത്തിനാലെ

അതിരറ്റ   സന്തോഷ  നടനങ്ങളാലതാ
   
വാരിപ്പുണര്‍ന്നു   കിടാങ്ങളാക്കന്നിനെ

ദാരിദ്ര്യ  ചിന്തകളൊന്നുമേ  കൂടാതെ

മെല്ലെയുണര്‍ത്തിച്ചു   താതനോട്  

"നോക്കിടാം  ഞങ്ങളീ   കുഞ്ഞുകിടാവിനെ 

പുന്നാരമുത്തിനെ 'യമ്മിണി'യെ"

അതുകേട്ടു   നിന്നമ്മയൊളികണ്ണാലച്ഛനെ

നോക്കിക്കടാക്ഷിച്ചു    പുഞ്ചിരിച്ചു

മാനത്തെ   ചന്ദിരനെ   കൈവന്ന  മാതിരി

കുഞ്ഞുങ്ങളാര്‍ത്തു  വിളിച്ചുതുള്ളി

ഈയുള്ള  ഭൂവിലെ   പറുദീസാതന്നിലാ -

പ്പൈതാങ്ങളാശകള്‍   നെയ്തുകൂട്ടി




തലയാട്ടി  ചെവിയാട്ടി  കൂമ്പിനിന്നീടുന്നി-

ക്കന്നിന്‍   മിഴികള്‍   തുളുമ്പിനിന്നാള്‍


ആനനച്ചുട്ടിയിലുമ്മ   കൊടുത്തിട്ട്

മണികണ്ഠനെന്നുമേ   കൂട്ടുകൂടും

ഒരുദിനമന്നാളില്‍  തഞ്ചത്തില്‍  വാസന്തി

കിങ്ങിണിക്കിന്നാരം    കണ്ഠേ   ചാര്‍ത്തി

പുലര്‍ച്ചയ്ക്ക്   പുല്ലുമരിഞ്ഞിട്ടാപ്പൈതങ്ങള്‍

പുല്‍കൂട്   പാടേ  നിറച്ചിടുന്നു

കുട്ടികളിങ്ങനെ   പോരുമുറുക്കുന്നി-

തമ്മിണിക്കുട്ടിയെ   താലോലിക്കാന്‍

കൈതപ്പൂത്തോപ്പിലും   പാടവരമ്പത്തും

കിടാവിനോടൊപ്പമായ്  മേഞ്ഞുചെമ്മേ

തുള്ളിക്കുതിച്ചു  മദിക്കും  കന്നിനോ-

ടൊപ്പമായ്   ക്രീഡയില്‍  പങ്കുചേര്‍ന്നു

ഈവണ്ണമിങ്ങനെ  മാനസം  തന്നിലാ-

യാനന്ദദീപം   കൊളുത്തിവച്ചു




ആലസ്യമേറാതെ   തീറ്റിപ്പോറ്റീടിനാ-

ലതുവേഗമേറെ   കൊഴുത്തുവന്നു

അഴകേറും   ശിരസ്സിന്നുടയാടയെന്നോണം

മണിമുത്തു   കൊമ്പു  മുളച്ചുവന്നു

പൂവാലി പശുവിന്‍റെ  പൂമേനി  കണ്ടാലോ

പൂപോലഴകുള്ളതായിരുന്നു

മുറ്റത്തെ   പുല്‍ത്തൊടിക്കൂട്ടിലതമ്മിണി 

ചേലൊത്ത  മുത്തു  കണക്കെവിങ്ങി




നാളേറെ   പിന്നിട്ടു   ഗര്‍ഭം  ധരിച്ചവള്‍

കാമദേനു   തന്നിന്‍   അവതാരമോ?

ഗേഹത്തിലുത്സവ  താളവുമാട്ടവും

പാട്ടും  കുതൂഹലമേളവുമായ്

പതിവുപോല്‍   രേവതി   കാടികൊടുത്തിട്ടു

ഉരുവിന്‍റെ  ഉദരത്തിലുറ്റുനോക്കി

മെല്ലെ  പിടയ്ക്കും   കിടാവിന്‍ തുടിപ്പുക-

ണ്ടാശ്ചര്യം   പൂണ്ടവള്‍   സംശയിച്ചു

അമ്മതന്‍   ഉദരത്തില്‍  ഗര്‍ഭപാത്രത്തിലായ്

നൃത്തമാടുന്നവന്‍   ഒച്ചവച്ചോ!




ഒരുനാളാ   പുലരിയില്‍   കാടിയുമായമ്മ

പുല്‍ക്കൂട്ടില്‍   ചെന്നതാലമ്പരന്നു

ഒരു മൂരിക്കുട്ടനാ   പശുവിന്നകിട്ടിലാ

ചെറുതല   ചേര്‍ത്തൊരു  മുട്ടുമുട്ടി

അകിടു  ചുരുത്തീട്ടാ  മൂധേവി  തന്നിലെ

വാത്സല്യ  ദൂതം  ചൊരിഞ്ഞുനിന്നാന്‍

ഉണ്ണിക്കിടാവിന്‍റെ   താമരപ്പൂമേനി

തല്‍ജിഹ്വ  കൊണ്ട്    തുടച്ചുതോര്‍ത്തി

വാസന്തി,രേവതി,മണികണ്ഠന്മാരെല്ലാം

ക്ഷണനേരെ  കൊണ്ടങ്ങു   വിന്യസിച്ചു

നയന മനോഹരമായിതു   കണ്ടവര്‍ 

രോമാഞ്ചകഞ്ചുകരായിനിന്നു

കൊച്ചുകിടാങ്ങളാ   കുഞ്ഞുകിടാവിനെ

മാറിമറഞ്ഞങ്ങു   തൊട്ടുനോക്കി

ക്ഷീരപാനം   മതിയാക്കി  പ്രജാപതി

മാതാവിന്‍   മേനിയില്‍   ചേര്‍ന്നുനിന്നു

പിന്നെ  പതുക്കെയൊന്നോടിക്കളിച്ചപ്പം

കാല്‍വേച്ചു   പൂമണ്ണില്‍   വീണുമെല്ലെ

നീളത്തിലീവിധം   പൊക്കിള്‍കൊടികണ്ട്

വാസന്തി   തെല്ലൊന്നു   വിസ്മയിച്ചു

ഇളംപുല്ലുനാമ്പു  മണത്തുനടക്കുന്ന-

താരിവന്‍  മാന്‍പേടകുഞ്ഞുതാനോ!

കുഞ്ഞുമിഴികളിലായിരം  താരക -

ളാശ്ചര്യപൂര്‍വ്വം  മിന്നിനില്പൂ

ഈവിധമായിരം   ചിന്തയാല്‍  രേവതി

കന്നിന്‍  തനയനെ  ആശ്ലേഷിച്ചു




എന്നും   വെളുപ്പിനുണര്‍ന്നെണീറ്റച്ഛന-

തമ്മിണി  തന്നിലെ  പാല്‍  കറക്കും

ക്ഷീരപാനത്തിന്നു   കേണീടും  പൈതലോ-

ടമ്മ  ചൊടിച്ചിട്ടുരചെയ്തുടന്‍

ഈവണ്ണമിങ്ങനെ   പാല്‍വിറ്റുകിട്ടുന്ന-

താശിച്ചു  മോഹിച്ചീയര്‍ത്ഥമത്രെ

വര്‍ഷങ്ങളതു വേഗം മിന്നിമറഞ്ഞീടില-

മ്മിണി   പിന്നേയുമഞ്ചു പെറ്റു

അല്ലലുമലച്ചിലുമായതു  കൂടാതാ -

കര്‍ഷക  സദനം  പുലര്‍ന്നുപോന്നു

അമ്മതന്‍  പൊന്നായ  കുഞ്ഞുങ്ങളെല്ലാരും

ദാരിദ്ര്യമേശാതുടന്‍  വളര്‍ന്നു




ഒരുദിനമമ്മിണി   തീറ്റിയെടുക്കാതെ

പാടേ   വിവശതയോടെ   വീണു

വെക്കം   വിളിച്ചതീ   വൈദ്യരുണര്‍ത്തിച്ചു

പവമിവള്‍ക്കതു   ദീനമെന്ന്

ക്ഷീണിച്ചു  മെല്ലിച്ചു  കണ്ണ്  തുറിച്ചതീ

കന്നുതനെല്ലുകള്‍  പൊന്തിനിന്നു

അക്ഷികളീറനണീയിക്കുമീക്കാഴ്ച
 
കണ്ടു  കിടാങ്ങളോ  കണ്ണുപൊത്തി

ഉള്‍ക്കടം   തേങ്ങുന്ന   വാര്‍ത്തയതീവിധം

പശുവിനെ  മാംസവിലക്ക്  വിറ്റു

ദുഃഖം  തളംകെട്ടി   നിന്ന ഭവനമോ

മൂകതയാലെ    വിറങ്ങലിച്ചു




ഒരു വാരമങ്ങനെ   പോയീടിനെല്ലാരു-

മമ്മിണിക്കുട്ടിയെ   വിസ്മരിച്ചു

മംസക്കൊതിയനാ  താതനതുപിന്നെ

പുത്രനെ  ചന്തയിലേയ്ക്കയച്ചു

കശാപ്പുതന്‍  ശാലയിലങ്ങുടന്‍  ചെന്നതേ

മണികണ്ഠന്‍  മാംസം  വിലക്കുവാങ്ങി

ഒരുവേളയാക്കാഴ്ച  കണ്ടുതരിച്ചതേ

ക്ഷണമവന്‍   തന്നുടെ  മിഴിനിറഞ്ഞു

ഉടലറ്റ   ശിരസ്സതു  നിണമണിഞ്ഞങ്ങനെ

മുന്‍പിലെ   മരമുട്ടി  പീഠത്തിലായ്

നാക്കുകടിച്ചു   മരവിച്ചതമ്മിണി-

ക്കുട്ടിതന്‍   തലമാത്രമുറ്റുനോക്കി 




ഹൃദയം   തകരുന്നീ   ബീഭത്സകാഴ്ചയാല്‍

നിര്‍മ്മലഹൃദയന്‍റെ   കൈ   വിറച്ചു

കൈപ്പിടികൂട്ടിലെ   ചോരമണമുള്ള

മംസപ്പൊതിയോ   നിലത്തുവീണു

നിര്‍ജീവമായൊരു   യന്ത്രം   കണക്കവന്‍
 
നിശ്ചേഷ്ടനായതു   നിന്നുപോയി

ഈമട്ടിലിങ്ങനെ   നിഷ് ട്ടൂരക്രൂരത-

യാടുന്ന  മാനവന്‍   മൃഗതുല്യനോ?

ഈ   സ്വാര്‍ത്ഥ  ഹിംസാ വിനോദമതിങ്ങനെ

ഈശ്വരാ   നീയിതു   കാണ്മതില്ലേ !!      

അസ്തിത്വം

                                               സ്വര്‍ഗ്ഗലോകത്തില്‍    ദൈവങ്ങള്‍   തമ്മിലുണ്ടായിരുന്ന   ശത്രുത  കൊടുമ്പിരികൊണ്ടു .   ഓരോരുത്തരും   താന്താങ്ങളുടെ   വിദ്വേഷം,   ഭക്തരിലേക്ക്   പകര്‍ന്നുകൊടുത്തു ...........................

                                                                                         അങ്ങനെ   വാഗ്വാദം  മനുഷ്യരേറ്റുപിടിച്ചു .  അതൊരു   വന്‍  യുദ്ധത്തില്‍  കലാശിച്ചതു   പൊടുന്നനെയായിരുന്നു .  ഇതുകണ്ട്   ദൈവങ്ങള്‍   സന്തോഷിച്ചു .  സ്വന്തം   വിജയം   മാത്രം   എല്ലാവരും   ആഗ്രഹിച്ചു ......................

                                                                                         യുദ്ധത്തില്‍   മരിച്ച   മനുഷ്യര്‍   ആയിരങ്ങളോ   പതിനായിരങ്ങളോ   ലക്ഷങ്ങളോ   അല്ല ;  മറിച്ച്  കോടികളായിരുന്നു.  പക്ഷെ   ഇതോടൊപ്പം   തങ്ങളുടെ   അസ്തിത്വവും   നശിച്ചുകൊണ്ടിരിക്കുന്നതായി   ദൈവങ്ങള്‍   മനസ്സിലാക്കി  .  അവസാനം   ഭൂമിയില്‍   രണ്ടുപേര്‍   മാത്രം   അവശേഷിച്ചു .  താമസിയാതെ   അവരും   രണാങ്കണത്തില്‍   ജീവനപഹരിച്ചു ...............

                                                                                        അതില്‍പ്പിന്നെ   ദൈവങ്ങളെപ്പറ്റി   ആരും   പറഞ്ഞുകേട്ടിട്ടില്ല ................@@@@@@@@@@@                          

2011, ജൂലൈ 18, തിങ്കളാഴ്‌ച

പ്രതിരൂപം

                                         തലമുടി  ഒത്തിരി   വളര്‍ന്നിരിക്കുന്നു...... ഒന്ന്   വെട്ടിയിട്ട്   മൂന്നുനാല്   മാസ്സമായി .   അടുത്തു  കണ്ട   ബാര്‍ബര്‍   ഷോപ്പിലേക്കയാള്‍  കയറിച്ചെന്നു ......

                                         
                                                                    ക്ഷുരകന്‍റെ   കത്രികയുടെ   താളാത്മകമായ   ശബ്ദം  അയാള്‍   കേട്ടില്ല  . മുടിവെട്ടുന്ന   സമയമത്രയും   ശ്രദ്ധ   മുഴുവന്‍   മുന്‍പിലെ   കണ്ണാടിയില്‍   കണ്ട  തന്‍റെ   പ്രതിരൂപത്തിന്‍റെ   വൈകൃതഭാവങ്ങളിയായിരുന്നു .........അയാള്‍    അസ്വസ്ഥനായി ............ ഒന്ന്   പുഞ്ചിരിച്ചു  നോക്കി .....!  വാര്‍ദ്ധക്യം   തോന്നിച്ച   മുഖം ..................


                                                                                     പോരുവാന്‍   നേരം  ഒന്നുകൂടി   സൂക്ഷിച്ചുനോക്കിയിട്ട്,   പിഴവ്   കണ്ണാടിയുടേതല്ല   എന്നയാള്‍   ഉറപ്പുവരുത്തി ................@@@@@@@

ജന്മാവകാശം

                                                    പതിനഞ്ചുവര്‍ഷമായി  പോലീസ്  സര്‍വ്വീസില്‍  ജോലി തുടങ്ങിയിട്ട്. വലിഞ്ഞുനീണ്ട്  ഹെഡ്കോണ്‍സ്റ്റബിള്‍ തസ്തികവരെയെത്തി .
                  

                                                              മുന്‍പ്  അനേകമനേകം  സന്ദര്‍ഭങ്ങളില്‍  മൂന്നാം മുറയുടെ     കലാത്മകത  ഞാന്‍  പ്രദര്‍ശിപ്പിച്ചിട്ടുള്ള താണ് .  പക്ഷെ ,  അന്ന്  അയാളെ  മാത്രം ....................... എന്തോ  എന്‍റെ  മുഷ്ട്ടികള്‍  അറച്ചുനിന്നു . ആ  കണ്ണുകളില്‍  നിഴലിച്ചിരുന്ന  ദൈന്യതയുടെയും വിശപ്പിന്‍റെയും ചിത്രങ്ങള്‍  ഈ  നിമിഷം വരെ മനസ്സില്‍  നിന്നും  മാഞ്ഞിട്ടില്ല .  ബസ് സ്റ്റാന്റിലെ  തിരക്കില്‍  നിന്നും   'കനമേറിയ ' ഒരു  പോക്കറ്റ്  തന്നെയാണ്  അയാള്‍  അടിച്ചെടുത്തത്...............



                                                                                                    വിശപ്പറിയാതെ  കൊഴുത്ത്  കരുത്താര്‍ന്ന , അനേകം  ശരീരങ്ങളുടെ  തരിപ്പ്  തീര്‍ത്ത  മുഴകള്‍ .....സ്റ്റേഷനില്‍  കൊണ്ടുവരുമ്പോഴേ  അയാള്‍ തീരെ  അവശനായിരുന്നു .  കഷ്ടിച്ചു  ജീവന്‍  നിലനിര്‍ത്താന്‍  മാത്രം  ഉപയുക്തമായ  ആ  അസ്ഥിപന്ജരത്തില്‍  'മാന്യന്മാരായ'  പൊതുജനത്തിനെന്തവകാശം ?!!.....

                                                                                  ആ  മനുഷ്യന്‍റെ  കുഴിഞ്ഞ  കവിള്‍ത്തടത്തില്‍  ആണ്ടു  കിടന്നിരുന്ന  ഒരുപാട്  നൊമ്പരങ്ങളുടെ വേദന  ഞാനറിഞ്ഞു . വിദ്യാഭ്യാസവും  ആരോഗ്യവും,  രണ്ടും  അയാള്‍ക്കന്യമായിരുന്നു . കള്ളനാകാതിരിക്കാന്‍  മാത്രം  പണവുമായിട്ടല്ല  പിറന്നുവീണത് .  സമ്പാദ്യമെന്നു  പറയാന്‍   പട്ടിണിയുടെ  നാല്  കുഞ്ഞുമുഖങ്ങളായിരുന്നു .................

                                                                                 എല്ലാമറിഞ്ഞിട്ടും  ഞാന്‍  പരുക്കനായി .  മനപ്പൂര്‍വമല്ല ; മുകളില്‍ നിന്നുള്ള   ആജ്ഞ്ഞയനുസരിച്ചുള്ള  നടപടിക്രമങ്ങളായിരുന്നു. രണ്ടാഴ്ച  മുന്‍പ്  ടൗണ്‍  പരിസരത്തു  നടന്ന  രണ്ടുമൂന്നു  കളവുകള്‍ക്ക്  ഇനിയും  യാതൊരു  തെളിവും  കിട്ടിയിട്ടില്ല ......തളര്‍ന്നു  മരവിച്ച  എന്‍റെ  ഇടികളുടെ  ഇക്കിളിയേറ്റിട്ടാവണം, അതുവരെ  നിര്‍വികാരനായിനിന്ന  ആത്മാവ്  ഒന്ന്  പുഞ്ചിരിച്ചു .  എന്‍റെ കഴിവുകേട്  കണ്ടിട്ടോ , എന്തോ  പിന്നീടങ്ങോട്ട്  മുറകള്‍  പ്രയോഗിച്ചത്  സാറായിരുന്നു . മനുഷ്യത്വം  തൊട്ടുതീണ്ടിയിട്ടില്ലാത്ത  ആ  ക്രൂര ഹൃദയന്‍റെ  ചവിട്ടേറ്റ്  വായ് തുറന്ന അയാള്‍ ' സത്യം '  പറയുന്നതിന്  പകരം ചോര  ശര്‍ദ്ദിച്ചു ..............


                                                      

                                                                              പത്തു  രൂപയുടെ  പേരില്‍  അനുഭവിച്ച  മര്‍ദ്ദനത്തിന്റെ  കണക്കു  ഭീകരമായിരുന്നു . മൂന്നു മാസത്തെ   ശിക്ഷ  കഴിഞ്ഞു പുറത്തിറങ്ങി  നാലാം  ദിവസം  കളവില്ലാത്ത  ലോകത്തിലേക്കയാള്‍  യാത്രയായി .............

                                                                                   വീണ്ടുമൊരു  പതിനഞ്ചു  വര്‍ഷംകൂടി  പിന്നിട്ടുകഴിഞ്ഞു . ഇന്നിതാ  ആ  മനുഷ്യന്‍റെ  തല്സ്വരൂപം  എന്‍റെ  മുന്‍പില്‍  നില്‍ക്കുന്നു .  പ്രായം  വളരെ  കുറവുണ്ട് . ഹെഡ്  കോണ്‍സ്റ്റബിള്‍   ദിവാകരനാണ്  പറഞ്ഞത് , മരിച്ചുപോയ  കള്ളന്‍  കുഞ്ഞൂട്ടന്റെ  മകനാണെന്ന് ........

                                                                                 കളവു  ജന്മാവകാശാമാണെന്നു   അവന്‍റെ  നീണ്ടുവളഞ്ഞ  മുതുകത്ത്  എഴുതിവച്ചിരിക്കുന്നത്  പോലെ  തോന്നി ....................വീണ്ടുമൊരു  മരണത്തിന്‍റെ  തീരാ കളങ്കമേല്‍ക്കാന്‍  ഞാന്‍  തയ്യാറായിരുന്നില്ല !!!!!!!! പോക്കറ്റില്‍  നിന്നും  ഒരു  നൂറുരൂപ  നോട്ടെടുത്ത്  കൊടുത്തിട്ട്  ഇറങ്ങിപൊയ്ക്കൊള്ളാന്‍  പറഞ്ഞു  .........

                                                                             ശിക്ഷയില്ലാത്ത  പാപത്തിന്‍റെ  കനത്ത  ഭാരവുംപേറി   അവനിറങ്ങി നടന്നു ..........................................................@@@@@@@

2011, ജൂലൈ 17, ഞായറാഴ്‌ച

ശീലം

 പതിനഞ്ചു  വയസ്സ് ......കൗമാരപ്രായം . അന്നവന്‍ അനുഭൂതികള്‍ക്ക് വേണ്ടിയാണു പുക വലിച്ചത് ................. യൗവ്വനത്തില്‍ അയാള്‍ പിരിമുറുക്കത്തിന്  മീതെ  പുക പറത്തി................മധ്യവയസ്കന്‍ ; നാല്പത്താറു കഴിഞ്ഞതേയുള്ളൂ .................... ഇപ്പോഴിത് ശീലമായിക്കഴിഞ്ഞു എന്നാണ് അദ്ദേഹം പറയാറുള്ളത്.... ഇന്നോ ?.......................ഇതുവരെ വലിച്ചു കൂട്ടിയ പുകയെല്ലാം മിനിട്ടുകള്‍ കൊണ്ട് മനസ്സറിയാതെ പുറന്തള്ളിക്കഴിഞ്ഞു ...........................ഇനി അയാള്‍ വലിക്കില്ല ................സത്യം !!!!!!!!