2011, ജൂലൈ 23, ശനിയാഴ്‌ച

നരസ്വാര്‍ത്ഥം


പശിയാലലഞ്ഞീടും  നാളില്‍   പിതാവതാ -

പൈതങ്ങളാശിച്ച   പോലെയതീവിധം

പട്ടിണിക്കാശിനാല്‍ പൈക്കിടാവൊന്നിനെ 

 പാരാതെ   വാങ്ങിക്കൊടുത്തിനാലെ

അതിരറ്റ   സന്തോഷ  നടനങ്ങളാലതാ
   
വാരിപ്പുണര്‍ന്നു   കിടാങ്ങളാക്കന്നിനെ

ദാരിദ്ര്യ  ചിന്തകളൊന്നുമേ  കൂടാതെ

മെല്ലെയുണര്‍ത്തിച്ചു   താതനോട്  

"നോക്കിടാം  ഞങ്ങളീ   കുഞ്ഞുകിടാവിനെ 

പുന്നാരമുത്തിനെ 'യമ്മിണി'യെ"

അതുകേട്ടു   നിന്നമ്മയൊളികണ്ണാലച്ഛനെ

നോക്കിക്കടാക്ഷിച്ചു    പുഞ്ചിരിച്ചു

മാനത്തെ   ചന്ദിരനെ   കൈവന്ന  മാതിരി

കുഞ്ഞുങ്ങളാര്‍ത്തു  വിളിച്ചുതുള്ളി

ഈയുള്ള  ഭൂവിലെ   പറുദീസാതന്നിലാ -

പ്പൈതാങ്ങളാശകള്‍   നെയ്തുകൂട്ടി
തലയാട്ടി  ചെവിയാട്ടി  കൂമ്പിനിന്നീടുന്നി-

ക്കന്നിന്‍   മിഴികള്‍   തുളുമ്പിനിന്നാള്‍


ആനനച്ചുട്ടിയിലുമ്മ   കൊടുത്തിട്ട്

മണികണ്ഠനെന്നുമേ   കൂട്ടുകൂടും

ഒരുദിനമന്നാളില്‍  തഞ്ചത്തില്‍  വാസന്തി

കിങ്ങിണിക്കിന്നാരം    കണ്ഠേ   ചാര്‍ത്തി

പുലര്‍ച്ചയ്ക്ക്   പുല്ലുമരിഞ്ഞിട്ടാപ്പൈതങ്ങള്‍

പുല്‍കൂട്   പാടേ  നിറച്ചിടുന്നു

കുട്ടികളിങ്ങനെ   പോരുമുറുക്കുന്നി-

തമ്മിണിക്കുട്ടിയെ   താലോലിക്കാന്‍

കൈതപ്പൂത്തോപ്പിലും   പാടവരമ്പത്തും

കിടാവിനോടൊപ്പമായ്  മേഞ്ഞുചെമ്മേ

തുള്ളിക്കുതിച്ചു  മദിക്കും  കന്നിനോ-

ടൊപ്പമായ്   ക്രീഡയില്‍  പങ്കുചേര്‍ന്നു

ഈവണ്ണമിങ്ങനെ  മാനസം  തന്നിലാ-

യാനന്ദദീപം   കൊളുത്തിവച്ചു
ആലസ്യമേറാതെ   തീറ്റിപ്പോറ്റീടിനാ-

ലതുവേഗമേറെ   കൊഴുത്തുവന്നു

അഴകേറും   ശിരസ്സിന്നുടയാടയെന്നോണം

മണിമുത്തു   കൊമ്പു  മുളച്ചുവന്നു

പൂവാലി പശുവിന്‍റെ  പൂമേനി  കണ്ടാലോ

പൂപോലഴകുള്ളതായിരുന്നു

മുറ്റത്തെ   പുല്‍ത്തൊടിക്കൂട്ടിലതമ്മിണി 

ചേലൊത്ത  മുത്തു  കണക്കെവിങ്ങി
നാളേറെ   പിന്നിട്ടു   ഗര്‍ഭം  ധരിച്ചവള്‍

കാമദേനു   തന്നിന്‍   അവതാരമോ?

ഗേഹത്തിലുത്സവ  താളവുമാട്ടവും

പാട്ടും  കുതൂഹലമേളവുമായ്

പതിവുപോല്‍   രേവതി   കാടികൊടുത്തിട്ടു

ഉരുവിന്‍റെ  ഉദരത്തിലുറ്റുനോക്കി

മെല്ലെ  പിടയ്ക്കും   കിടാവിന്‍ തുടിപ്പുക-

ണ്ടാശ്ചര്യം   പൂണ്ടവള്‍   സംശയിച്ചു

അമ്മതന്‍   ഉദരത്തില്‍  ഗര്‍ഭപാത്രത്തിലായ്

നൃത്തമാടുന്നവന്‍   ഒച്ചവച്ചോ!
ഒരുനാളാ   പുലരിയില്‍   കാടിയുമായമ്മ

പുല്‍ക്കൂട്ടില്‍   ചെന്നതാലമ്പരന്നു

ഒരു മൂരിക്കുട്ടനാ   പശുവിന്നകിട്ടിലാ

ചെറുതല   ചേര്‍ത്തൊരു  മുട്ടുമുട്ടി

അകിടു  ചുരുത്തീട്ടാ  മൂധേവി  തന്നിലെ

വാത്സല്യ  ദൂതം  ചൊരിഞ്ഞുനിന്നാന്‍

ഉണ്ണിക്കിടാവിന്‍റെ   താമരപ്പൂമേനി

തല്‍ജിഹ്വ  കൊണ്ട്    തുടച്ചുതോര്‍ത്തി

വാസന്തി,രേവതി,മണികണ്ഠന്മാരെല്ലാം

ക്ഷണനേരെ  കൊണ്ടങ്ങു   വിന്യസിച്ചു

നയന മനോഹരമായിതു   കണ്ടവര്‍ 

രോമാഞ്ചകഞ്ചുകരായിനിന്നു

കൊച്ചുകിടാങ്ങളാ   കുഞ്ഞുകിടാവിനെ

മാറിമറഞ്ഞങ്ങു   തൊട്ടുനോക്കി

ക്ഷീരപാനം   മതിയാക്കി  പ്രജാപതി

മാതാവിന്‍   മേനിയില്‍   ചേര്‍ന്നുനിന്നു

പിന്നെ  പതുക്കെയൊന്നോടിക്കളിച്ചപ്പം

കാല്‍വേച്ചു   പൂമണ്ണില്‍   വീണുമെല്ലെ

നീളത്തിലീവിധം   പൊക്കിള്‍കൊടികണ്ട്

വാസന്തി   തെല്ലൊന്നു   വിസ്മയിച്ചു

ഇളംപുല്ലുനാമ്പു  മണത്തുനടക്കുന്ന-

താരിവന്‍  മാന്‍പേടകുഞ്ഞുതാനോ!

കുഞ്ഞുമിഴികളിലായിരം  താരക -

ളാശ്ചര്യപൂര്‍വ്വം  മിന്നിനില്പൂ

ഈവിധമായിരം   ചിന്തയാല്‍  രേവതി

കന്നിന്‍  തനയനെ  ആശ്ലേഷിച്ചു
എന്നും   വെളുപ്പിനുണര്‍ന്നെണീറ്റച്ഛന-

തമ്മിണി  തന്നിലെ  പാല്‍  കറക്കും

ക്ഷീരപാനത്തിന്നു   കേണീടും  പൈതലോ-

ടമ്മ  ചൊടിച്ചിട്ടുരചെയ്തുടന്‍

ഈവണ്ണമിങ്ങനെ   പാല്‍വിറ്റുകിട്ടുന്ന-

താശിച്ചു  മോഹിച്ചീയര്‍ത്ഥമത്രെ

വര്‍ഷങ്ങളതു വേഗം മിന്നിമറഞ്ഞീടില-

മ്മിണി   പിന്നേയുമഞ്ചു പെറ്റു

അല്ലലുമലച്ചിലുമായതു  കൂടാതാ -

കര്‍ഷക  സദനം  പുലര്‍ന്നുപോന്നു

അമ്മതന്‍  പൊന്നായ  കുഞ്ഞുങ്ങളെല്ലാരും

ദാരിദ്ര്യമേശാതുടന്‍  വളര്‍ന്നു
ഒരുദിനമമ്മിണി   തീറ്റിയെടുക്കാതെ

പാടേ   വിവശതയോടെ   വീണു

വെക്കം   വിളിച്ചതീ   വൈദ്യരുണര്‍ത്തിച്ചു

പവമിവള്‍ക്കതു   ദീനമെന്ന്

ക്ഷീണിച്ചു  മെല്ലിച്ചു  കണ്ണ്  തുറിച്ചതീ

കന്നുതനെല്ലുകള്‍  പൊന്തിനിന്നു

അക്ഷികളീറനണീയിക്കുമീക്കാഴ്ച
 
കണ്ടു  കിടാങ്ങളോ  കണ്ണുപൊത്തി

ഉള്‍ക്കടം   തേങ്ങുന്ന   വാര്‍ത്തയതീവിധം

പശുവിനെ  മാംസവിലക്ക്  വിറ്റു

ദുഃഖം  തളംകെട്ടി   നിന്ന ഭവനമോ

മൂകതയാലെ    വിറങ്ങലിച്ചു
ഒരു വാരമങ്ങനെ   പോയീടിനെല്ലാരു-

മമ്മിണിക്കുട്ടിയെ   വിസ്മരിച്ചു

മംസക്കൊതിയനാ  താതനതുപിന്നെ

പുത്രനെ  ചന്തയിലേയ്ക്കയച്ചു

കശാപ്പുതന്‍  ശാലയിലങ്ങുടന്‍  ചെന്നതേ

മണികണ്ഠന്‍  മാംസം  വിലക്കുവാങ്ങി

ഒരുവേളയാക്കാഴ്ച  കണ്ടുതരിച്ചതേ

ക്ഷണമവന്‍   തന്നുടെ  മിഴിനിറഞ്ഞു

ഉടലറ്റ   ശിരസ്സതു  നിണമണിഞ്ഞങ്ങനെ

മുന്‍പിലെ   മരമുട്ടി  പീഠത്തിലായ്

നാക്കുകടിച്ചു   മരവിച്ചതമ്മിണി-

ക്കുട്ടിതന്‍   തലമാത്രമുറ്റുനോക്കി 
ഹൃദയം   തകരുന്നീ   ബീഭത്സകാഴ്ചയാല്‍

നിര്‍മ്മലഹൃദയന്‍റെ   കൈ   വിറച്ചു

കൈപ്പിടികൂട്ടിലെ   ചോരമണമുള്ള

മംസപ്പൊതിയോ   നിലത്തുവീണു

നിര്‍ജീവമായൊരു   യന്ത്രം   കണക്കവന്‍
 
നിശ്ചേഷ്ടനായതു   നിന്നുപോയി

ഈമട്ടിലിങ്ങനെ   നിഷ് ട്ടൂരക്രൂരത-

യാടുന്ന  മാനവന്‍   മൃഗതുല്യനോ?

ഈ   സ്വാര്‍ത്ഥ  ഹിംസാ വിനോദമതിങ്ങനെ

ഈശ്വരാ   നീയിതു   കാണ്മതില്ലേ !!      

1 അഭിപ്രായം:

  1. വിനോദേട്ടാ...കവിത വലുതാണെങ്കിലും മുഴുവനും വായിച്ചു കെട്ടോ....അവസാന ഭാഗം മനോഹരവും മനസ്സിൽ തട്ടുന്നതുമാണു...ഇഷ്ടമായി..
    ഫോളോ ചെയ്യാനുള്ള ഒപ്ഷൻ കണുന്നില്ലല്ലോ.? ഒഴിവാക്കിയതാണോ....

    മറുപടിഇല്ലാതാക്കൂ